മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് ‘ഗേറ്റ്വേ ടു മലബാർ: എ ടൂറിസം ബി2ബി മീറ്റ്’ എന്ന പേരിൽ ബിസിനസ് ടു ബിസിനസ് (ബി ടു ബി) മീറ്റ് സംഘടിപ്പിക്കുന്നു. ജനുവരി 19 ഞായറാഴ്ച കോഴിക്കോട് റാവിസ് കടവിൽ വെച്ചാണ് ഈ പരിപാടി നടക്കുക. മെട്രോ എക്സ്പെഡീഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
മലബാറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് ബിടുബി മീറ്റിന്റെ പ്രധാന ലക്ഷ്യം. പ്രാദേശിക സേവന ദാതാക്കൾ, പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, ടൂറിസം മേഖലയിലെ വിദഗ്ധർ എന്നിവർ തമ്മിലുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ഈ പരിപാടി വഴിയൊരുക്കും. മലബാറിന്റെ പാരമ്പര്യം, ഐതിഹ്യം, സാഹസിക വിനോദങ്ങൾ, ഭക്ഷണം, കലകൾ, പ്രാദേശികമായ തനത് മനോഹാരിതകൾ തുടങ്ങിയവയും പരിപാടിയിൽ പ്രദർശിപ്പിക്കും.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ബി ടു ബി മീറ്റ് ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം ടൂർ ഓപ്പറേറ്റർമാർ ബി ടു ബി യുടെ ഭാഗമാകും. മലബാർ മേഖലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ആയുർവേദ കേന്ദ്രങ്ങൾ, സാഹസിക ടൂർ ഓപ്പറേറ്റർമാർ എന്നിവയും പങ്കെടുക്കും.
മലബാറിൽ മികച്ച ടൂറിസം സാധ്യതകളുണ്ടെന്നും സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് മലബാറിനെയും ചേർക്കേണ്ടതുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ-അന്തർദേശീയ ടൂറിസം ഭൂപടത്തിൽ മലബാറിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതിനും ബിടുബി മീറ്റ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 100 സെല്ലേഴ്സ് പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മേഖലയിലെ എല്ലാ ഡിടിപിസികളും മീറ്റിന്റെ ഭാഗമാകും. മലബാറിലെ പ്രധാന ടൂറിസം അസോസിയേഷനുകൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും. കേരളത്തിനകത്തെ പ്രമുഖ ടൂറിസം സംരംഭകരെ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരും ബി ടു ബി മീറ്റിന്റെ ഭാഗമാകും.
മലബാർ കേന്ദ്രീകരിച്ച ടൂറിസം സാധ്യതകളെ സംബന്ധിച്ചുള്ള അവതരണങ്ങളും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. ഇത് നിക്ഷേപ സാധ്യതകളെ സംബന്ധിച്ചും അവസരങ്ങളെ പറ്റിയുമുള്ള ധാരണ പങ്കെടുക്കുന്നവർക്ക് നൽകും. ടൂറിസം അവസരങ്ങൾ വർധിപ്പിക്കുന്നതിനായി മലബാർ മേഖലയ്ക്കായി ഒരു പുതിയ യാത്രാ സർക്യൂട്ട് സംബന്ധിച്ച ചർച്ചകളും പരിപാടിയിൽ ഉൾപ്പെടും. കോഴിക്കോട് നഗരത്തിലെ ആകർഷണങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു പൈതൃക നടത്തവും സംഘടിപ്പിക്കും. പരിപാടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://www.keralatourism.org/gateway-to-malabar-tourism-b2b-meet-2024/page/58 എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9947733339, 9995139933. അപേക്ഷകൾ ബിടുബി കമ്മിറ്റി പരിശോധിക്കുകയും യോഗ്യതയുടെ അടിസ്ഥാനത്തിൽ രജിസ്ട്രേഷന് നൽകുകയും ചെയ്യും.
Story Highlights: Kerala Tourism is organizing a B2B meet titled ‘Gateway to Malabar’ in Kozhikode on January 19 to showcase Malabar’s tourism potential.