മകരവിളക്ക് മഹോത്സവത്തിന് സന്നിധാനം ഒരുങ്ങി. നാളെയാണ് ശബരിമലയിൽ മകരവിളക്ക് ദർശനം. സൂര്യൻ ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് പ്രവേശിക്കുന്ന നാളെ രാവിലെ 8:45 ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. ആയിരക്കണക്കിന് ഭക്തർ ഇതിനോടകം തന്നെ സന്നിധാനത്ത് എത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് വഴി ഇന്ന് അൻപത്തി അയ്യായിരത്തോളം തീർത്ഥാടകരെ പ്രതീക്ഷിക്കുന്നു.
സന്നിധാനത്തേക്ക് തിരുവാഭരണ ഘോഷയാത്ര നാളെ വൈകുന്നേരം എത്തും. തുടർന്ന് വിശേഷാൽ ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് മകരനക്ഷത്രവും ദൃശ്യമാകും. ആചാരപാരമ്പര്യങ്ങൾക്ക് അനുസൃതമായാണ് ഇത്തവണയും തിരുവാഭരണ ഘോഷയാത്ര നടക്കുന്നത്.
പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണം വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് മാറ്റി. പന്തളത്തുനിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു. ഭക്തർക്ക് തിരുവാഭരണം ദർശിക്കാൻ വലിയ കോയിക്കൽ ക്ഷേത്രത്തിൽ മദ്ധ്യാഹ്നം 12 മണി വരെ അവസരമുണ്ടായിരുന്നു. തുടർന്ന് പ്രത്യേക പൂജകളും നടത്തി.
ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് ഇത്തവണയും തിരുവാഭരണം വഹിക്കുന്നത്. മകരവിളക്ക് ദിവസം വൈകുന്നേരം അഞ്ചുമണിയോടെ ശരംകുത്തിയിൽ ഘോഷയാത്ര എത്തും. ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഘോഷയാത്രയെ സ്വീകരിക്കും. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ സന്നിധാനത്തെത്തിച്ച ശേഷം വിശേഷാൽ ചടങ്ങുകൾ നടക്കും.
മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് തീർത്ഥാടക തിരക്ക് വർധിച്ചുവരികയാണ്. മകരജ്യോതി ദർശനത്തിനായി ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി എത്തിച്ചേർന്നിട്ടുള്ളത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡും പോലീസും സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.
Story Highlights: The Makaravilakku festival at Sabarimala is scheduled for tomorrow, with the Thiruvabharanam procession expected to arrive in the evening.