ശബരിമലയിലെ മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ഇതുവരെ ഏകദേശം നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം ഭക്തർ ദർശനം നടത്തിയതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മകരവിളക്ക് ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും വെർച്വൽ ക്യൂവിന്റെയും സ്പോട്ട് ബുക്കിങ്ങിന്റെയും എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.
പോലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ശബരിമലയിൽ ആത്മാർത്ഥമായി സേവനം അനുഷ്ഠിക്കുന്നുണ്ടെന്ന് എഡിഎം വ്യക്തമാക്കി. പ്രതിദിനം തൊണ്ണൂറായിരത്തിലധികം ഭക്തർ ശബരിമലയിൽ എത്തുന്നുണ്ട്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തി.
കൂടുതൽ ഭക്തർ എത്തിച്ചേർന്നാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ ശബരിമലയിൽ ഒരുങ്ങിയിട്ടുണ്ട്. ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദർശനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മകരവിളക്ക് സമയത്തെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഹൈക്കോടതി നിർദ്ദേശപ്രകാരമായിരിക്കുമെന്നും എഡിഎം അറിയിച്ചു.
അതേസമയം, ശബരിമല സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദേവസ്വം വിജിലൻസ് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. മരക്കൂട്ടം മുതൽ സന്നിധാനം വരെ നിരീക്ഷണം ശക്തമാക്കുന്നതിനായി 245 അത്യാധുനിക ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ദേവസ്വം വിജിലൻസ് സെക്യൂരിറ്റി കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു.
Story Highlights: Over 4 million pilgrims have visited Sabarimala during this year’s Mandalam-Makaravilakku season.