തൃശൂർ മേയർ എം.കെ. വർഗീസ് വി.എസ്. സുനിൽകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റിൽ നിന്ന് കേക്ക് സ്വീകരിച്ചതിനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു. ബിജെപി പ്രവർത്തകർ തന്നെ വിളിച്ചിട്ടോ അനുവാദം ചോദിച്ചിട്ടോ അല്ല വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രിസ്മസ് ദിവസമാണ് അവർ വന്നതെന്നും, ക്രിസ്മസിന് എല്ലാവരും പരസ്പരം സ്നേഹം പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു. “ഇത്തരത്തിൽ സ്നേഹം പങ്കിടാൻ ഒരു കേക്കുമായി എന്റെ വീട്ടിലേക്ക് വരുമ്പോൾ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്കാരം എനിക്കില്ല. കാരണം, ഞാൻ ക്രിസ്ത്യാനിയാണ്. സ്നേഹം പങ്കിടുന്നവരാണ്,” എന്ന് അദ്ദേഹം വിശദീകരിച്ചു.
നാല് വർഷമായി താൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലും കേക്ക് എത്തിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സുനിൽകുമാർ എംപി ആണെന്ന് കരുതുക, ബിജെപി ഒരു കേക്ക് കൊടുത്താൽ അദ്ദേഹം വാങ്ങില്ലേ?” എന്ന് എം.കെ. വർഗീസ് ചോദിച്ചു.
“ഞാൻ ഒരു ചട്ടക്കൂടിനകത്ത് നിൽക്കുകയാണ്. അതും ഇടതുപക്ഷത്തിന്റെ ചട്ടക്കൂടിൽ ഒരുമിച്ച് വളരെ സൗഹാർദപരമായി ഇവിടുത്തെ പുരോഗതിക്ക് വേണ്ടി മാത്രം മുന്നോട്ട് പോകുന്ന മേയറാണ് ഞാൻ,” എന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി വന്നപ്പോൾ ചായ കൊടുത്തതും ഇത്ര വലിയ തെറ്റാണോ എന്ന് അദ്ദേഹം ചോദിച്ചു. “ഞാൻ ഇടതുപക്ഷത്തിന് ഒപ്പം നിന്ന് ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് പോയോ എന്നത് സുനിൽകുമാർ തെളിയിക്കണം,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“ബിജെപി വർഗീയ പാർട്ടി, അവർ അവരുടെ വഴിക്ക് പോട്ടെ. ഞാൻ ഇടതുപക്ഷത്തിന് ഒപ്പമാണ് പോകുന്നത്. സുനിൽകുമാറിന്റെ പ്രസ്താവന വില കൽപ്പിക്കുന്നില്ല. എംഎൽഎ ആകാനുള്ള ആഗ്രഹം എനിക്കില്ല. ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുന്നു,” എന്ന് അദ്ദേഹം അവസാനിപ്പിച്ചു.
Story Highlights: Thrissur Mayor MK Varghese responds to VS Sunil Kumar’s allegations regarding accepting cake from BJP state president