വയനാട്ടിലെ കുടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂര സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തതോടെ വിഷയം കൂടുതൽ ഗൗരവമായി. വയനാട് ജില്ലാ പോലീസ് മേധാവിക്ക് രണ്ടാഴ്ചക്കകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.
ഇന്നലെ വൈകിട്ട് മാനന്തവാടി കുടൽകടവിലെ ചെക്ക്ഡാമിൽ വിനോദസഞ്ചാരികൾ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിച്ച ആദിവാസി യുവാവ് ചെമ്മാട് നഗർ സ്വദേശി മാതനെയാണ് കാറിൽ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിൽ മാതൻ്റെ നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നേരെ പലതവണ കയ്യേറ്റവും അസഭ്യ വർഷവും ഉണ്ടായെന്നും നാട്ടുകാർ പറയുന്നു.
പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതികൾ സഞ്ചരിച്ച വാഹനം കണിയാൻമ്പറ്റയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. നാല് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഈ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Story Highlights: CM Pinarayi Vijayan intervenes in Wayanad tribal man attack case, orders strict action