മലങ്കര സഭാ തർക്കത്തിൽ സമാധാനത്തിനായുള്ള കാതോലിക്ക ബാവയുടെ ആഹ്വാനത്തെ പിന്തുണച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള രംഗത്തെത്തി. ബസേലിയോസ് മർത്തോമ മാത്യു ത്രിതീയൻ കാതോലിക്ക ബാവയുടെ നിലപാട് സ്വാഗതാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘർഷത്തിനു പകരം സമാധാനമാണ് ആവശ്യമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
തിരുവല്ലയിൽ മാർ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവ ഗവർണർ. തർക്കം സമാധാനപരമായി പരിഹരിക്കാൻ ഇരുകൂട്ടർക്കും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കാതോലിക്ക ബാവയുടെ സമാധാന ആഹ്വാനത്തെ പിന്തുണച്ച് ഓർത്തഡോക്സ് മെത്രാപ്പൊലീത്തമാരും സഭാ വർക്കിങ് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മർത്തോമ മാത്യു ത്രിതീയൻ തന്റെ നിലപാട് മയപ്പെടുത്തിയതോടെയാണ് സമാധാനത്തിന്റെ സാധ്യതകൾ തെളിഞ്ഞത്.
കുറ്റങ്ങളും കുറവുകളും ആർക്കും വരാമെന്നും എല്ലാവരും ഒരുമിക്കണമെന്നുമായിരുന്നു കാതോലിക്ക ബാവയുടെ ആഹ്വാനം. എന്നാൽ യാക്കോബായ വിഭാഗം ഈ വിഷയത്തിൽ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. ഇടവകകൾ തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാവുകയുള്ളൂവെന്നാണ് യാക്കോബായ സഭയുടെ നിലപാട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംവാദത്തിലൂടെ മാത്രമേ സഭാ തർക്കത്തിന് പരിഹാരം കാണാൻ കഴിയൂ എന്ന അഭിപ്രായം ശക്തമാകുന്നു.
Story Highlights: Goa Governor PS Sreedharan Pillai supports Catholic Bava’s call for peace in Malankara Church dispute