2025 ജനുവരി: മലയാള സിനിമയിൽ സൂപ്പർ താരങ്ങളുടെ മെഗാ റിലീസുകൾ

Anjana

Malayalam cinema January 2025

2024 ന്റെ ആദ്യ പകുതിയിൽ മലയാള സിനിമാ പ്രേക്ഷകർ ആസ്വദിച്ച അനുഭവം ഇന്ത്യൻ സിനിമാ വ്യവസായത്തിലെ മറ്റൊരു പ്രേക്ഷക വിഭാഗത്തിനും ലഭിച്ചിട്ടില്ല. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, മലയ്‌ക്കോട്ടെ വാലിബൻ, അന്വേഷിപ്പിൻ കണ്ടെത്തും, ആട് ജീവിതം തുടങ്ងിയ ചിത്രങ്ങൾ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധ നേടുകയും ബോക്സ് ഓഫീസിൽ കോടികൾ സമ്പാദിക്കുകയും ചെയ്തു.

2025-ലും ഇത്തരം മികച്ച സിനിമകൾ പ്രദർശനത്തിനെത്തുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളി സിനിമാ പ്രേമികൾക്ക് സന്തോഷകരമായ വാർത്തയുണ്ട്. ജനുവരി മാസത്തിൽ തന്നെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളടക്കം പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകൾ തിയേറ്ററുകളിലെത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’, ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’, ടൊവിനോ തോമസിന്റെ ‘ഐഡന്റിറ്റി’, മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്നിവയാണ് ജനുവരിയിൽ വലിയ തിരശ്ശീലയിലേക്കെത്തുന്ന പ്രധാന ചിത്രങ്ങൾ.

‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രം ഗൗതം വാസുദേവ മേനോന്റെ മലയാളത്തിലെ ആദ്യ സംവിധാന സംരംഭമാണ്. ഡോക്ടർ സൂരജ് രാജനും ഡോക്ടർ നീരജ് രാജനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം 7 മണിക്ക് പുറത്തിറങ്ങും. ജനുവരി രണ്ടാം വാരത്തിലാണ് റിലീസ് പ്രതീക്ഷിക്കുന്നത്.

‘തുടരും’ എന്ന ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്നു. മലയാളത്തിന്റെ എവർഗ്രീൻ നടീനടന്മാരായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് നിർമാണം നിർവഹിക്കുന്നത്. കെ.ആർ. സുനിലും തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. നിഷാദ് യൂസുഫും ഷെഫീഖ് വിബിയും ചേർന്ന് എഡിറ്റിംഗ് നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്നു. ജനുവരി 30-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രം നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമിക്കുന്ന ഈ ചിത്രത്തിന് ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ വൻ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഡാർക്ക് ഹ്യൂമർ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിന് ‘തല്ലുമാല’, ‘ഫാലിമി’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു.

‘ഐഡന്റിറ്റി’ എന്ന ചിത്രം ‘ഫോറൻസിക്’ സംവിധാനം ചെയ്ത അഖിൽ പോളും അനസ് ഖാനും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കൃഷ്ണനാണ് ടൊവിനോ തോമസിന്റെ നായികയായി എത്തുന്നത്. ടൊവിനോയുടെയും തൃഷയുടെയും ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. മഡോണ സെബാസ്റ്റ്യനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്നാണ് സിനിമയുടെ നിർമാണം.

Story Highlights: 2025 ജനുവരിയിൽ മലയാള സിനിമയിൽ നിരവധി പ്രതീക്ഷിത ചിത്രങ്ങൾ റിലീസിനെത്തുന്നു.

Leave a Comment