മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുന്നതിനോ നിലവിലുള്ള നിയമനങ്ങൾ പുനഃപരിശോധിക്കുന്നതിനോ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ 2023 മാർച്ച് 13-ലെ വിധിന്യായത്തിലെ നിർദ്ദേശപ്രകാരം, 2021 നവംബർ 8-ന് ശേഷമുള്ള ഒഴിവുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുവരെ എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിരുന്നു. ഈ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് സർക്കാർ നിർദ്ദേശിച്ചിരുന്നു.
ഹൈക്കോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസലുകൾ തിരികെ നൽകുന്നതിനും, അവ വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ അംഗീകരിക്കുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതാണ് ഉണ്ടായത്. പരസ്പര വിരുദ്ധമോ അവ്യക്തമായതോ ആയ സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിയമനാംഗീകാര നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ മാത്രമാണ് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Kerala Education Minister V Sivankutty clarifies no orders issued to cancel or review teacher appointments