കേന്ദ്രമന്ത്രിയും പ്രശസ്ത നടനുമായ സുരേഷ് ഗോപി തന്റെ കുടുംബത്തിനൊപ്പമുള്ള ഒരു പഴയകാല ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന സുരേഷ് ഗോപിയെയാണ് ചിത്രത്തിൽ കാണുന്നത്. അമ്മയുടെ അരികിൽ വലതുവശത്തു നിൽക്കുന്ന കോട്ടിട്ട കുട്ടിയായി സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നു.
“മധുരമുള്ള ഓര്മ്മകള്. ജീവിതത്തില് ആദ്യമായി അച്ഛന് ഒരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില് ഇറങ്ങിയത് ഇന്നും ഓര്മകളില് ഭദ്രം,” എന്നാണ് സുരേഷ് ഗോപി ചിത്രത്തിനു അടിക്കുറിപ്പു നൽകിയത്. ഈ വാക്കുകളിലൂടെ അദ്ദേഹം തന്റെ പിതാവിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നു.
ചിത്രത്തിൽ സുരേഷ് ഗോപിയുടെ സഹോദരങ്ങളായ സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരെയും കാണാം. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച മറ്റൊരു ചിത്രവും ശ്രദ്ധ നേടിയിരുന്നു. കൊല്ലം ജില്ലയിലെ ചവറയ്ക്ക് സമീപം കായലിനും കടലിനും നടുവിൽ സ്ഥിതി ചെയ്യുന്ന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രം സന്ദർശിച്ച ശേഷമുള്ള ചിത്രമായിരുന്നു അത്. “പേരാലിൽ മണി കെട്ടിയാൽ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടിൽ മേക്കതിൽ ദേവിയെ തൊഴുതു വണങ്ങി ഒരു സായാഹ്നം” എന്ന കുറിപ്പോടെയാണ് ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.
Story Highlights: Suresh Gopi shares nostalgic family photo, pays emotional tribute to father