യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി നഗരത്തില് ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നതിന് വിലക്കേര്പ്പെടുത്തിയിരിക്കുകയാണ്. സമഗ്ര ഗതാഗത കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ഡിസംബര് 2, 3 തീയതികളിലാണ് ഈ നിരോധനം നിലവില് വരുന്നത്. അബുദാബി, അല് ഐന്, സായിദ് സിറ്റി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ഹെവി വാഹനങ്ളുടെയും ട്രക്കുകളുടെയും പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. നഗരങ്ങളിലെങ്ങും വിവിധ പരിപാടികളും ഷോകളും നടക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്ടിഎ) പ്രത്യേക ക്രമീകരണങ്ങള് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര് 2നും 3നും ദുബായില് ബഹുനില പാര്ക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാര്ക്കിങും സൗജന്യമായിരിക്കും. ഇതോടെ ഞായര് മുതല് മൂന്ന് ദിവസം എമിറേറ്റില് പാര്ക്കിങ്ങിന് ഫീസ് നല്കേണ്ടതില്ല. ഈ ദിവസങ്ങളില് ആര്ടിഎയുടെ സേവന കേന്ദ്രങ്ങളും കസ്റ്റമര് ഹാപ്പിനസ് സെന്ററുകളും പ്രവര്ത്തിക്കില്ല. ഡിസംബര് 4 ബുധനാഴ്ച മുതല് ഇവയുടെ പ്രവര്ത്തനം പുനരാരംഭിക്കും.
മെട്രോ സര്വീസുകളിലും മാറ്റമുണ്ടാകും. നവംബര് 30, ഡിസംബര് 2, 3 തീയതികളില് രാവിലെ 5 മണി മുതല് സര്വീസ് ആരംഭിക്കും. എന്നാല് ഡിസംബര് 1ന് രാവിലെ 8 മണി മുതലായിരിക്കും സര്വീസ് തുടങ്ങുക. ദേശീയദിനത്തോടനുബന്ധിച്ച് സര്ക്കാര് സ്വകാര്യ മേഖലാ ജീവനക്കാര്ക്ക് വാരാന്ത്യവും ചേര്ത്ത് നാല് ദിവസത്തെ അവധി ലഭിക്കും. ഈദ് അല് ഇത്തിഹാദ് എന്ന പേരിലുള്ള ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദി ഇക്കുറി അബുദാബിയിലെ അല് ഐന് ആണ്.
Story Highlights: UAE imposes restrictions on heavy vehicles in major cities for National Day celebrations