മുനമ്പം ഭൂമി പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ അധ്യക്ഷനായ കമ്മീഷൻ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവയാണ് കമ്മിഷൻ പ്രധാനമായും പരിശോധിക്കുക.
ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് ശാശ്വത പരിഹാരം കണ്ടെത്തി സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യാനാണ് ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കമ്മീഷന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. സർക്കാരിന്റെ ഈ നടപടിയെ മുനമ്പം ഭൂസംരക്ഷണ സമിതി സ്വാഗതം ചെയ്തു. വിജ്ഞാപനത്തിലെ വിഷയങ്ങൾ പരിശോധിക്കാൻ മൂന്നുമാസം കമ്മീഷന് മതിയാകുമെന്നും, സമരത്തിന്റെ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ഫാ. ആന്റണി സേവിയർ പ്രതികരിച്ചു.
കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്റ്റ് പ്രകാരമാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. രാജഭരണ കാലത്തെ ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തുക, താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുക, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുക എന്നിവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ. കമ്മീഷന് ആവശ്യമായ ഓഫീസും മറ്റ് സൗകര്യങ്ങളും സമയബന്ധിതമായി ഒരുക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Highlights: Government appoints judicial commission to resolve Munambam land issue