സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായി യാതൊരു ആലോചനയും നടത്താതെയാണ് ചാൻസലർ ഈ നിയമനം നടത്തിയതെന്നും, ഇത് കെടിയു ആക്ടിന് വിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചാൻസലറുടെ ഈ നടപടി അപലപനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിൻ്റെ അജണ്ട സർവകലാശാലകളിൽ നടപ്പാക്കുന്ന പ്രവർത്തിയാണ് ചാൻസലർ നടത്തുന്നതെന്ന് മന്ത്രി വിമർശിച്ചു. വിവാദങ്ങളിൽ കക്ഷി ചേർക്കെപ്പെട്ട സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വി സി ആയി നിയമിച്ചത് ചാൻസലറുടെ പ്രീതി അനുസരിച്ചാണെന്നും, ഇക്കാര്യത്തിലും സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആലോചിച്ചില്ലെന്നും മന്ത്രി ബിന്ദു കുറ്റപ്പെടുത്തി. കോടതി വിധിയെ മറികടന്നാണ് ചാൻസലർ മുന്നോട്ട് പോകുന്നതെന്നും അവർ ആരോപിച്ചു.
ഡോ. കെ. ശിവപ്രസാദിനെയാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയിൽ നിയമിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ് ടെക്നോളജി വിഭാഗം പ്രൊഫസറായ അദ്ദേഹത്തിന് പുതിയ വിസിയെ നിയമിക്കുന്നത് വരെ കെ.ടി.യു വൈസ് ചാൻസലറുടെ ചുമതല വഹിക്കാം. സ്ഥിരം വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണർ താൽക്കാലിക വിസിയെ നിയമിച്ചത്. നിയമ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.
Story Highlights: Minister R Bindu criticizes Chancellor’s appointment of KTU Vice Chancellor as violation of court directive and KTU Act