ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ബൗളര് പട്ടികയില് ഇന്ത്യന് പേസര് ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ബോര്ഡര്-ഗവാസ്കര് ട്രോഫിയിലെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റില് എട്ട് വിക്കറ്റ് നേട്ടമാണ് ബുംറയ്ക്ക് തുണയായത്. ഈ മത്സരത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയ്ക്കും ഓസ്ട്രേലിയയുടെ ജോഷ് ഹേസ്ല്വുഡിനും പിന്നിലായിരുന്നു അദ്ദേഹം.
2024ല് രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കിയത്. ഫെബ്രുവരി ആദ്യം ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില് ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന് പേസറായി ബുംറ മാറിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില് ബോളിങ് ചാര്ട്ടില് ഒന്നാമതെത്തിയതിന് ശേഷം ഒക്ടോബറിലും ബുംറ ചെറിയൊരു കാലയളവിലേക്ക് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പെര്ത്തില് ക്യാപ്റ്റൻസിക്ക് ഒപ്പം മികച്ച ബോളിങ് പ്രകടനം കൂടി ബുംറ കാഴ്ചവെച്ചു. ഈ ടെസ്റ്റിൽ ഇന്ത്യ വൻ ജയം നേടുകയും ചെയ്തു.
നിലവില് റബാഡയാണ് രണ്ടാം സ്ഥാനത്തും ജോഷ് ഹേസ്ല്വുഡ് മൂന്നാം സ്ഥാനത്തുമുള്ളത്. ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് ഇപ്പോള് റബാഡ. ഓസ്ട്രേലിയന് ക്യാപ്റ്റന് പാറ്റ് കമ്മിന്സ് രണ്ട് സ്ഥാനം താഴ്ന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ആദ്യ അഞ്ച് സ്ഥാനങ്ങളില് നിന്ന് അദ്ദേഹം പുറത്തായി.
Story Highlights: Jasprit Bumrah reclaims top spot in ICC Test bowling rankings after impressive performance against Australia