കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പി സന്തോഷ്കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നോൺ മെട്രോ നഗരങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ അവസരം നൽകുന്നതിനാലാണ് ഈ തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഈ നിലപാട് പ്രവാസികൾക്കും കേരള വികസനത്തിനും വലിയ തിരിച്ചടിയാണെന്ന് സന്തോഷ് കുമാർ എംപി അഭിപ്രായപ്പെട്ടു.
പോയിന്റ് ഓഫ് കോൾ പദവി ലഭിച്ചിരുന്നെങ്കിൽ കണ്ണൂര് എയര്പോര്ട്ടിന് വലിയ മുന്നേറ്റം സാധ്യമാകുമായിരുന്നു. ഈ പദവി ലഭിച്ചാൽ മാത്രമേ വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവീസുകൾ നടത്താൻ കഴിയൂ. നിലവിൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ഇവർക്ക് ആവശ്യാനുസരണം സർവീസ് നടത്താൻ വിമാനങ്ങൾ ലഭ്യമല്ല. ഇത് യാത്രക്കാരുടെ എണ്ണം കൂടുതലാണെങ്കിലും പര്യാപ്തമായ സർവീസുകൾ നടത്താൻ തടസ്സമാകുന്നു.
കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തത് ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾക്കും ചരക്കുനീക്കത്തിനും തടസ്സമാകുന്നുണ്ട്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകൾക്ക് പ്രയോജനകരമായ ഈ വിമാനത്താവളം കൂർഗ്, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാർക്കും ബദൽ സൗകര്യമാണ്. കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞാൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാധ്യമാക്കാനും കഴിയും.
Story Highlights: Kannur airport denied ‘point of call’ status, impacting international flights and regional development