തൃശൂർ മെഡിക്കൽ കോളേജിന്റെ അസാധാരണ നേട്ടം: ആദിവാസി യുവാവിനെ മരണത്തിൽ നിന്ന് രക്ഷിച്ചു

Anjana

Thrissur Medical College complex surgery

പാലക്കാട് സ്വദേശിയായ 25 വയസ്സുള്ള ആദിവാസി യുവാവിനെ മരണത്തിൽ നിന്ന് രക്ഷിച്ച തൃശൂർ സർക്കാർ മെഡിക്കൽ കോളേജിന്റെ അസാധാരണമായ നേട്ടം ശ്രദ്ധേയമായിരിക്കുകയാണ്. ഇടത് തോളെല്ലിന് താഴെ ആഴത്തിൽ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത് ഡോക്ടർമാരുടെ അനുഭവ പരിചയവും വൈദഗ്ധ്യവും കൊണ്ടാണ്. ഹൃദയത്തിൽ നിന്നും നേരിട്ട് പുറപ്പെടുന്ന സബ്‌ക്ലേവിയൻ ആർട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാൽ രക്ഷിച്ചെടുക്കുക പ്രയാസമായിരുന്നെങ്കിലും, സമയം നഷ്ടപ്പെടുത്താതെ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി യുവാവിനെ രക്ഷിച്ചു.

നവംബർ ഒന്നിനാണ് യുവാവിനെ കുത്തേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം രോഗിയെ അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷൻ തീയറ്ററിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഹൃദയത്തോട് വളരെ അടുത്തു കിടക്കുന്ന സബ്‌ക്ലേവിയൻ ആർട്ടറി കണ്ടെത്തുക എന്നത് തന്നെ ഒരു വെല്ലുവിളിയായിരുന്നു. ഈ ധമനിയോട് ചേർന്ന് കിടക്കുന്ന നാഡീവ്യൂഹമായ ബ്രാക്കിയൽ പ്ലക്‌സസിന് ക്ഷതം ഏൽപിക്കാതെ ധമനി കണ്ടെത്തി തുന്നിച്ചേർക്കുക എന്നതും മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്ന് മണിക്കൂർ നീണ്ടുനിന്ന അതി സങ്കീർണ ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം 20 ദിവസം സർജറി 4 യൂണിറ്റ് ടീമും പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡന്റ്സ് ടീമും മികച്ച പരിചരണം നൽകി. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 45 വർഷം പൂർത്തിയാക്കുന്ന തൃശൂർ മെഡിക്കൽ കോളേജ് ഏതൊരു മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയോടും കിടപിടിക്കുന്ന ആധുനിക സജ്ജീകരണങ്ങളും കഴിവുറ്റ ചികിത്സാ വിദഗ്ദ്ധരും നൽകുന്ന നിസ്തുലമായ സേവനങ്ങളുമായി പ്രവർത്തിക്കുന്നു.

Story Highlights: Thrissur Medical College saves tribal youth with complex surgery on subclavian artery

Leave a Comment