ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ ഒരുക്കിയിരിക്കുന്നു. ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഡാറ്റ ലഭിക്കുക. അരമണിക്കൂറിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടവർക്ക് പേയ്മെന്റ് നൽകിയും ഇന്റർനെറ്റ് ആസ്വദിക്കാനുള്ള ഓപ്ഷനുമുണ്ട്.
ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ ബി എസ് എൻ എൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച് ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. ശബരിമലയിൽ ശരംകുത്തി ക്യു കോംപ്ലക്സ്, നടപ്പന്തൽ തുടക്കം, എസ് ബി ഐ എ ടി എം (2 യൂണിറ്റുകൾ), തിരുമുറ്റം (2 യൂണിറ്റുകൾ), ഓഡിറ്റോറിയം, അന്നദാനമണ്ഡപം, അപ്പം അരവണ വിതരണ കൗണ്ടർ (2 യൂണിറ്റുകൾ), മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടർ, മാളികപ്പുറം തിടപ്പിള്ളി, ദേവസ്വം ഗാർഡ് റൂം, മരാമത്ത് ബിൽഡിംഗ്, ശബരിമല ബി എസ് എൻ എൽ എക്സ്ചേഞ്ച്, ജ്യോതിനഗറിലെ ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്റർ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിങ്ങനെ 23 വൈഫൈ സ്പോട്ടുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
പമ്പയിൽ 12 വൈഫൈ യൂണിറ്റുകളും നിലയ്ക്കൽ ഭാഗത്ത് വിവിധയിടങ്ങളിലായി 13 വീതം വൈഫൈ യൂണിറ്റുകളുമാണ് ഈ മണ്ഡലകാലത്ത് ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ സാധിക്കും.
Story Highlights: BSNL and Devaswom Board set up 48 WiFi spots for Sabarimala pilgrims