യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഫെഡറൽ നാഷനൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. 71.50 ബില്യൺ ദിർഹം ചെലവും വരുമാനവും കണക്കാക്കുന്ന ഈ ബജറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകുന്നു. സ്പീക്കർ സഖർ ഗൊബാഷിന്റെ അധ്യക്ഷതയിൽ ചേർന്ന എഫ്എൻസി യോഗം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
ബജറ്റിൽ സാമൂഹ്യക്ഷേമ പദ്ധതികൾക്കാണ് പ്രധാന ഊന്നൽ. പെൻഷൻ അടക്കമുള്ള സുരക്ഷാ പദ്ധതികൾക്കായി 27.85 ബില്യൺ ദിർഹമാണ് നീക്കി വച്ചിട്ടുള്ളത്. ഇത് ആകെ ബജറ്റിന്റെ 39 ശതമാനമാണ്. ഉന്നത വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണ പദ്ധതികൾ, പൊതുജനസേന പദ്ധതികൾ തുടങ്ങിയവയും ഈ മേഖലയിൽ ഉൾപ്പെടുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്കാണ് ബജറ്റിൽ രണ്ടാമത് പരിഗണന. 25.57 ബില്യൺ ദിർഹമാണ് ഈ മേഖലയുടെ വിഹിതം, അതായത് ബജറ്റിന്റെ 35.7 ശതമാനം.
അടുത്ത വർഷത്തേക്കുള്ള യുഎഇയുടെ പൊതു ബജറ്റിനാണ് ഫെഡറൽ നാഷനൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്. പൊതുബജറ്റിനെ വിവിധ സർക്കാർ വകുപ്പുകളുടെ ബജറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള കരടു നിയമത്തിനും എഫ്എൻസി അംഗീകാരം നൽകി. യോഗത്തിൽ ആരോഗ്യമന്ത്രി അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, ധനമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി തുടങ്ങിയ മന്ത്രിമാരും പങ്കെടുത്തു.
Story Highlights: UAE’s Federal National Council approves largest budget in history, focusing on social welfare and infrastructure development