പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി നേതൃയോഗത്തിൽ ആവശ്യമുയർന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും, തെരഞ്ഞെടുപ്പ് പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിക്കട്ടെയെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം. പരസ്യപ്രസ്താവനകൾക്ക് നേതൃത്വം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലത്തെ പരസ്യപ്രതികരണങ്ങളിൽ നടപടിയെടുക്കാൻ ബിജെപി തയ്യാറെടുക്കുന്നു. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് അയയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദേശീയ നേതൃത്വം ഈ പ്രതികരണങ്ങൾ പരിശോധിക്കും. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ അകറ്റിയ പ്രതികരണങ്ങൾ ശേഖരിക്കുന്നതിന്റെ ചുമതല സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറിനാണ്. ദേശീയ നേതൃത്വം നേരിട്ടാണ് അന്വേഷണം നടത്തുന്നത്.
വിവാദ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. ദേശീയ നേതാവ് അപരാജിത സാരങ്കി അന്വേഷണം ആരംഭിച്ചു. അന്വേഷണം രഹസ്യമായി നടത്താനും നിർദേശമുണ്ട്. കൂടുതൽ ദേശീയ നേതാക്കൾ അന്വേഷണ സംഘത്തിൽ ഉൾപ്പെടുമെന്ന സൂചനയുണ്ട്. പാലക്കാട് തോൽവിയെ തുടർന്ന് ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടരുകയാണ്. സി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം പരസ്യമായി നിലപാടെടുത്തതോടെ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. കൗൺസിലർമാരെ പ്രതിക്കൂട്ടിലാക്കിയാൽ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനയുമുണ്ട്.
Story Highlights: BJP demands inquiry into Palakkad by-election defeat, national leadership to investigate public statements