പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. പാലക്കാട് മാത്രം എന്തിന് ചർച്ചയാകുന്നുവെന്നും ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പ് പരാജയത്തിൽ ഉത്തരവാദിത്വമില്ലേയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിധി ശരിയായരീതിയിൽ വിലയിരുത്തുമെന്നും ആവശ്യമായിട്ടുള്ള തിരുത്തലുകൾ ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകളെക്കാളും കുറഞ്ഞതെങ്ങിനെയെന്ന് പരിശോധിക്കുമെന്നും ഓരോ ബൂത്തിലും ശരിയായ വിശകലനവും പരിശോധനയും നടത്താനാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടുകൾ കുറഞ്ഞുവെന്നുള്ളത് വസ്തുതയാണെന്ന് സമ്മതിച്ച സുരേന്ദ്രൻ, എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുമ്പോൾ ക്രഡിറ്റ് മറ്റുള്ളവർക്കും പരാജയപ്പെടുമ്പോൾ പ്രസിഡന്റിനും ആണെന്നും പറഞ്ഞു. ബിജെപിയിൽ സ്ഥാനമോഹികൾ ഇല്ലെന്നും എല്ലാ ഇടങ്ങളിലും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രക്രിയയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് നടത്തുന്ന പ്രചാര വേലകൾ മാധ്യമങ്ങൾ ഏറ്റ പിടിക്കുകയാണെന്നും പരസ്യ പ്രസ്താവനകൾ ആര് നടത്തിയാലും അവ പരിശോധിക്കുമെന്നും സുരേന്ദ്രൻ അവസാനിപ്പിച്ചു.
Story Highlights: BJP State President K Surendran responds to controversies surrounding Palakkad by-election defeat