പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് കാരണം നഗരസഭാ ഭരണമാണെന്ന് പാർട്ടി വിലയിരുത്തി. നഗരസഭ വൈസ് ചെയർമാന്റേയും സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്റേയും നിലപാടുകളാണ് വോട്ട് കുറയാൻ കാരണമായതെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നഗരസഭാ ഭരണകർത്താക്കൾ ബിജെപി സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ചതും പരാജയത്തിന് കാരണമായി. ഇതിനെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
നഗരസഭയുടെ അമിത ഫീസ് ഈടാക്കലും നഗര വികസന പ്രശ്നങ്ങളും പാർട്ടിക്ക് തിരിച്ചടിയായി. പാലക്കാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ സ്മിതേഷിന് എതിരെ വിമർശനമുയർന്നു. അമിത ഫീസ് കുറയ്ക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശം പാലിക്കാത്തതിനെതിരെയാണ് വിമർശനം. സംസ്ഥാന നേതൃയോഗത്തിൽ ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് 7066 വോട്ടുകളാണ് കുറഞ്ഞത്. സന്ദീപ് വാര്യരുടെ സാന്നിധ്യവും അവസാനഘട്ടത്തിൽ പാർട്ടിക്ക് തിരിച്ചടിയായി. ബിജെപിയുടെ ശക്തിമേഖലയിലെ തോൽവിയിൽ എന്തു നടപടിയെടുക്കുമെന്ന് കാത്തിരിക്കേണ്ടതുണ്ട്. വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥാനാർത്ഥി സി കൃഷ്ണകുമാറും വ്യക്തമാക്കിയിരുന്നു.
Story Highlights: BJP assesses municipal administration as reason for failure in Palakkad by-election