കേരളത്തിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താൻ ഡൽഹിയിലെ പ്രതിനിധി കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 3:30ന് പാർലമെന്റിലെ ധനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുക. ഈ കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്.
വയനാട് പാക്കേജ്, കേരളത്തിന്റെ കടമെടുപ്പ് പരിധി തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുൻപിലുണ്ട്. പാക്കേജുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര സംഘം നേരിട്ട് എത്തി സാഹചര്യം മനസ്സിലാക്കിയതാണെന്നും കെ.വി തോമസ് പറഞ്ഞു. കേന്ദ്രം വയനാട് വിഷയത്തിൽ തീരുമാനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം ഔദാര്യമല്ല ചോദിക്കുന്നതെന്നും 2000 കോടി രൂപയാണ് കേരളത്തിന്റെ ആവശ്യമെന്നും കെവി തോമസ് വ്യക്തമാക്കി. മഹാദുരന്തത്തിൽ സാമ്പത്തിക സഹായം നൽകേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകിയതുപോലെ കേരളത്തിനും ന്യായമായി ലഭിക്കേണ്ട സഹായമാണ് ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം പ്രതികൂല സമീപനം സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Story Highlights: KV Thomas to meet Union Finance Minister Nirmala Sitharaman to discuss special package for Kerala disaster relief