ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിനായുള്ള മെഗാ താരലേലം ജിദ്ദയിൽ ആരംഭിച്ചു. ഇന്നും നാളെയുമായി നടക്കുന്ന ലേലത്തിൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള ആവേശകരമായ മത്സരമാണ് ടീമുകൾ നടത്തുന്നത്. റിഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ജോസ് ബട്ലർ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ താരങ്ങൾക്കായി തീപാറുന്ന പോരാട്ടമാണ് ലേലത്തിൽ കാണാൻ കഴിയുന്നത്.
ഐപിഎല്ലിലെ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമായി റിഷഭ് പന്ത് മാറിയിരിക്കുകയാണ്. 27 കോടി രൂപയ്ക്കാണ് ലക്നൗ സൂപ്പർ ജയന്റ്സ് പന്തിനെ സ്വന്തമാക്കിയത്. പന്തിനെ സ്വന്തമാക്കാൻ സൺറൈസേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്തുണ്ടായിരുന്നു. സൺറൈസേഴ്സ് 11.50 കോടി വിളിച്ചപ്പോൾ ആർസിബി 17.50 കോടിയിലേക്ക് പന്തിന്റെ മൂല്യം ഉയർത്തി. പിന്നീട് എൽഎസ്ജിയും എസ്ആർഎച്ചും തമ്മിൽ ലേല യുദ്ധമായി. അവസാനം എസ്ആർഎച്ച് പിൻവാങ്ങിയപ്പോൾ 20.75 കോടിക്ക് ലേലം അവസാനിച്ചു.
തുടർന്ന് ആർടിഎം ഉപയോഗിച്ച് താരത്തെ വീണ്ടും തങ്ങളുടെ ടീമിലേക്ക് എത്തിക്കാൻ ഡൽഹി ശ്രമിച്ചെങ്കിലും 27 കോടിയായി തുക ഉയർത്തി ലക്നൗ പന്തിനെ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരം എന്ന ശ്രേയസ് അയ്യറിന്റെ റെക്കോർഡ് നിമിഷ നേരം കൊണ്ട് തകർത്ത് പന്ത് ഐപിഎല്ലിലെ വിലയേറിയ താരമായി മാറി.
Story Highlights: Rishabh Pant becomes most expensive IPL player ever after being bought by Lucknow Super Giants for 27 crore rupees in mega auction