ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്നെന്ന് പ്രതികരണം

Anjana

Rahul Mamkootathil Oommen Chandy tomb visit

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സന്ദര്‍ശനം. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും ആദ്യം ഓര്‍ക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടേതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

ജനങ്ങളുമായുള്ള കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സെന്നും ഏതൊരു നേതാവും അത് അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആ പാതയിലൂടെ നടക്കാനും അനുകരിക്കാനുമൊക്കെയേ കഴിയുകയുള്ളൂവെന്നും അതുപോലെ എത്താന്‍ മറ്റൊരാള്‍ക്ക് കഴിയാത്തത് കൊണ്ടാണ് കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു ക്ലാസിക് ചരിത്രമായി ആ മനുഷ്യന്‍ അവശേഷിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ചാണ്ടി ഉമ്മന്‍ സ്ഥലത്തില്ലെന്നും അദ്ദേഹം വിളിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട്ടെ വിജയം ജനങ്ങളുടേതാണെന്നും വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. SDPI യെ ശക്തമായി എതിര്‍ത്തിട്ടുള്ളത് ലീഗാണെന്നും ലീഗിന്റെ മറവില്‍ SDPI പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എതിരാളികള്‍ തോല്‍വി അംഗീകരിക്കണമെന്നും പാലക്കാട്ടെ ജനങ്ങളെ വര്‍ഗീയത പറഞ്ഞു പരിഹസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2025 ല്‍ പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും പ്രഥമ പരിഗണന മെഡിക്കല്‍ കോളേജിനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Rahul Mamkootathil, newly elected MLA from Palakkad, visited Oommen Chandy’s tomb in Puthuppally

Leave a Comment