പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്ശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം രംഗത്തെത്തി. സാമുദായിക വിഭാഗീയത ഉള്പ്പെടെയുള്ള വിലകുറഞ്ഞ പ്രചാരണങ്ങളാണ് സിപിഐഎം നടത്തുന്നതെന്ന് സമസ്ത മുഖപത്രം കുറ്റപ്പെടുത്തി. ഇത് കേരളത്തിന്റെ മതേതരത്വത്തിന്റെ മനസാക്ഷിയില് ആഴമുള്ള മുറിവേല്പ്പിച്ചതായും പത്രത്തിലെ മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
‘തെരഞ്ഞെടുപ്പ് ഫലങ്ങള് നല്കുന്ന പാഠങ്ങള്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് സുപ്രഭാതം യുഡിഎഫിനെ പുകഴ്ത്തുകയും സിപിഐഎമ്മിനെ രൂക്ഷമായി വിമര്ശിക്കുകയും ചെയ്തത്. പാലക്കാട്ടെ യുഡിഎഫിന്റെ ജയം പല ഭൂരിപക്ഷ, ന്യൂനപക്ഷ വര്ഗീയ പാര്ട്ടികളുടേയും വോട്ടുനേടിയെന്ന സിപിഐഎമ്മിന്റെ പ്രധാന വിശദീകരണത്തിനെതിരെയാണ് സമസ്ത മുഖപത്രത്തിന്റെ രൂക്ഷവിമര്ശനങ്ങള്. സിപിഐഎമ്മിന്റെ ഇത്തരം പ്രചാരണങ്ങള് കേരളത്തിലെ ജനാധിപത്യ സമൂഹം അര്ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞതായി മുഖപ്രസംഗത്തില് പരാമര്ശിച്ചു.
സ്വതന്ത്ര സ്ഥാനാര്ത്ഥിയെ പരീക്ഷിച്ചിട്ടും പാലക്കാട് എന്തുകൊണ്ട് തോറ്റെന്നും മറ്റിടങ്ങളില് വോട്ട് കുറഞ്ഞതെന്നും സിപിഐഎം പരിശോധിക്കണമെന്ന് സമസ്ത മുഖപത്രം ഓര്മിപ്പിച്ചു. പാലക്കാട് മൂന്നാം സ്ഥാനത്തുനിന്ന് കരകയറാന് കഴിയാതെ പോയതിന്റെ കാരണം സിപിഐഎം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രണ്ടിടത്തും ജയിക്കാനായത് യുഡിഎഫിന്റെ ആത്മവിശ്വാസം വലിയ രീതിയില് വര്ധിപ്പിച്ചിട്ടുണ്ടെന്നും സമസ്ത മുഖപത്രം വിലയിരുത്തി.
Story Highlights: Samastha mouthpiece criticizes CPM for communal campaign in Palakkad by-election