കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ എആർ റഹ്മാൻ തന്റെ വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഭാര്യ സൈറാബാനുവുമായി ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ മോഹിനിയും റഹ്മാന്റെ മക്കളും ഈ വാർത്തകളെ നിഷേധിച്ചു.
ഇതിനിടെ റഹ്മാന് എതിരെ അപവാദ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ് സംഗീതജ്ഞൻ. നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് റഹ്മാന് വേണ്ടി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ റഹ്മാന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ പ്രചരിപ്പിച്ചതായി നോട്ടീസിൽ പറയുന്നു.
റഹ്മാന്റെ പ്രശസ്തിയെയും കുടുംബത്തെയും ബാധിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകളിലും അഭിമുഖങ്ങളിലും സത്യത്തിന്റെ അംശമില്ലെന്ന് അറിയിക്കാൻ റഹ്മാൻ നിർദ്ദേശിച്ചതായി നോട്ടീസിൽ വ്യക്തമാക്കുന്നു. 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഹ്മാന്റെ മക്കളായ കദീജയും റഹീമയും അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും വിഡ്ഢികൾ അത് പ്രചരിപ്പിക്കുമെന്നും അൽപന്മാർ അത് സ്വീകരിക്കുകയും ചെയ്യുമെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Story Highlights: AR Rahman takes legal action against defamatory content following divorce announcement