എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. സംഘടിതമായ കുപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും അവഗണിച്ചാണ് ജനങ്ങൾ ചേലക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാർന്ന വിജയം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഈ ജനവിധി വർധിച്ച ഊർജ്ജം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിന് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണവിരുദ്ധ വികാരം എന്ന പ്രചാരണം ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ നേരത്തേയുള്ളതിൽ നിന്നും കൂടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ലെന്നും, തൃശൂരിലെ ലോക്സഭാ വിജയത്തെ തുടർന്നുള്ള അവരുടെ അവകാശവാദങ്ങൾ ജനങ്ങൾ തിരസ്കരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെയും വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെയും വിജയികളെ അഭിനന്ദിക്കുകയും എൽഡിഎഫിന് വോട്ടുചെയ്ത മുഴുവൻ ജനങ്ങളെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
Story Highlights: CM Pinarayi Vijayan says by-election results strengthen LDF government’s public support and recognition