പാലക്കാട് മണ്ഡലത്തിൽ നിന്ന് ഇത്തവണ എൻഡിഎയ്ക്ക് എംഎൽഎ ഉണ്ടാകുമെന്ന് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു. വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നഗരസഭയിൽ 8,000 മുതൽ 10,000 വോട്ടിന് ലീഡ് ചെയ്യുമെന്നും അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു.
സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന് ഗുണം ചെയ്തുവെന്ന് കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കിടയിൽ സന്ദീപ് വാര്യർക്കെതിരായ വികാരമുണ്ടെന്നും അദ്ദേഹത്തിന്റെ മുൻ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപിക്ക് നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട്ടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബിജെപിയോട് യാതൊരു എതിർപ്പുമില്ലെന്നും അവരിൽ വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തിട്ടുണ്ടെന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു. പാലക്കാട്ടെ ബിജെപി നേതാക്കൾക്ക് ന്യൂനപക്ഷങ്ങളുടെ ഒപ്പം നിന്ന ചരിത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ സൂര്യനുദിക്കുമ്പോൾ താമരവിരിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച കൃഷ്ണകുമാർ, പൊളിറ്റിക്കൽ വോട്ടുകൾക്കൊപ്പം ക്രൈസ്തവ വിഭാഗത്തിന്റെ 6000 വോട്ടുകൾ കൂടി ലഭിക്കുമെന്ന എൻഡിഎയുടെ പ്രതീക്ഷയും പങ്കുവച്ചു.
Story Highlights: BJP candidate C Krishna Kumar claims LDF benefited from anti-Sandeep Warrier advertisement in Palakkad