കുവൈറ്റിലെ പ്രവാസികൾക്ക് ആശ്വാസകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യൂണിവേഴ്സിറ്റി ബിരുദമില്ലാത്തതും 60 വയസ്സും അതിൽ കൂടുതലുമുള്ളതുമായ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് ഒഴിവാക്കിയേക്കുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. വർക്ക് പെർമിറ്റ് നൽകുന്നതിലെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും വ്യവസ്ഥ ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് തീരുമാനം റദ്ദാക്കാനുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി ശരിവെച്ച അപ്പീൽ കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സാഹചര്യമുണ്ടായിരിക്കുന്നത്.
നിലവിൽ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രവാസികൾ രാജ്യത്ത് തുടരണമെങ്കിൽ അധിക ഇൻഷുറൻസ് തുക നൽകേണ്ടതുണ്ട്. ഇത് സാധാരണക്കാരായ തൊഴിലാളികൾക്കും അവരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായിരുന്നു. ഈ സാഹചര്യത്തിൽ പല കമ്പനികളും അറുപത് കഴിഞ്ഞ ജീവനക്കാരെ ജോലിയിൽ നിന്നും ഒഴിവാക്കി വിസ ക്യാൻസൽ ചെയ്ത് പിരിച്ചുവിടുകയായിരുന്നു.
അപ്പീൽ കോടതിയുടെ തീരുമാനം നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചാൽ അറുപത് കഴിഞ്ഞ, യൂണിവേഴ്സിറ്റി ബിരുദമില്ലാത്ത തൊഴിലാളികൾക്ക് ഏറെ സഹായകരമായി മാറും. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ രാജ്യത്ത് 97,622 പ്രവാസികൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. ഈ തീരുമാനം നടപ്പിലാക്കപ്പെട്ടാൽ ഇത്തരം പ്രവാസികൾക്ക് കുവൈറ്റിൽ തുടരാനുള്ള അവസരം ലഭിക്കുകയും അവരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുകയും ചെയ്യും.
Story Highlights: Kuwait may waive health insurance fees for expats over 60 without university degrees, following court decision