നടൻ മേഘനാദന്‍റെ നിര്യാണം: മന്ത്രിമാർ അനുശോചനം രേഖപ്പെടുത്തി

Anjana

Meghanathan Malayalam actor death

സിനിമ, സീരിയൽ നടൻ മേഘനാദന്‍റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും അനുശോചനം രേഖപ്പെടുത്തി. പഴയകാല നടന്‍ ബാലന്‍ കെ നായരുടെ മകനായ മേഘനാദന്‍ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കലാകാരനാണെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. വില്ലൻ കഥാപാത്രങ്ങൾക്ക് പുതുഭാവുകത്വം നൽകിയ അഭിനയ പ്രതിഭയെന്ന് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലി അർപ്പിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 2 മണിയോടെയായിരുന്നു നടൻ മേഘനാദന്‍റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 6 മുതൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 6 മണിയോടെ ഷൊർണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. ആദ്യകാലത്ത് വില്ലന്‍വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം പില്‍ക്കാലത്ത് കാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1983ൽ പിഎൻ മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മേഘനാദൻ 50 ൽ അധികം സിനിമകളിൽ അഭിനയിച്ചു. പഞ്ചാഗ്നി, ചമയം, ഭൂമിഗീതം, ചെങ്കോൽ, മറവത്തൂർ കനവ്, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ റിലീസ് ചെയ്ത ആസിഫ് അലി ചിത്രം കൂമനിലാണ് അവസാനമായി അഭിനയിച്ചത്. 40 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ സിനിമക്കൊപ്പം നിരവധി ടെലിവിഷൻ സീരിയലുകളിലും മേഘനാദൻ വേഷമിട്ടു.

Story Highlights: Malayalam actor Meghanathan passes away, ministers pay tribute to his contributions to cinema and television.

Leave a Comment