സിനിമ-സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന നടൻ മേഘനാദൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. 60 വയസായിരുന്നു പ്രായം. മലയാള സിനിമയിലെ പ്രശസ്ത വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാദൻ.
1983-ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന ചിത്രത്തിൽ ഒരു സ്റ്റുഡിയോ ബോയിയുടെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. അച്ഛനെപ്പോലെ വില്ലൻ വേഷങ്ങളിലൂടെയാണ് മേഘനാദനും ശ്രദ്ധിക്കപ്പെട്ടത്. ‘ഈ പുഴയും കടന്നി’ലെ രഘു, ‘ഒരു മറവത്തൂർ കനവി’ലെ ഡ്രൈവർ തങ്കപ്പൻ, ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ തിമ്മയ്യ തുടങ്ങിയവ അദ്ദേഹം അവതരിപ്പിച്ച അവിസ്മരണീയമായ വില്ലൻ കഥാപാത്രങ്ങളാണ്. നായകന്മാർക്കൊപ്പം നിന്ന് ആസ്വാദകരിൽ ഭീതി സൃഷ്ടിക്കാൻ തനിക്ക് ലഭിച്ച വില്ലൻ കഥാപാത്രങ്ങളിലൂടെ മേഘനാദന് സാധിച്ചിരുന്നു.
വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ക്യാരക്റ്റർ റോളുകളിലേക്ക് ചുവടുമാറ്റം നടത്തിയപ്പോൾ തന്റെ അഭിനയപാടവം കൊണ്ട് കാഴ്ചക്കാരുടെ കണ്ണിനെ ഈറനണിയിക്കാനും മേഘനാദന് സാധിച്ചിരുന്നു. ‘ആക്ഷൻ ഹീറോ ബിജു’വിലെ രാജേന്ദ്രൻ, ‘സൺഡേ ഹോളിഡേ’യിലെ എസ്ഐ ഷഫീക്ക്, ‘ആദി’യിലെ മണി അണ്ണൻ, ‘കൂമനി’ലെ എസ്ഐ സുകുമാരൻ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാള സിനിമക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. 40 വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ 50-ൽ അധികം സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും മേഘനാദൻ വേഷമിട്ടിട്ടുണ്ട്.
Story Highlights: Actor Meghanaadan, known for his villain roles in Malayalam cinema, passes away at 60