പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന്‍ പോറ്റി അന്തരിച്ചു

Anjana

A V Vasudeva Potti

പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന്‍ പോറ്റി (73) അന്തരിച്ചു. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ പാലാ തുണ്ടത്തില്‍ ഇല്ലം നിര്‍മല, മക്കള്‍ സുനില്‍, സുജിത്ത്, മരുമക്കള്‍ രഞ്ജിമ, ദേവിക എന്നിവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍.

നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള പ്രശസ്ത ഗാനരചയിതാവായിരുന്നു വാസുദേവന്‍ പോറ്റി. റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് എക്‌സാമിനറായി വിരമിച്ച ശേഷം ഒലവക്കോടിനടുത്ത് കാവില്‍പ്പാടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ അധ്യക്ഷനായിരുന്ന അദ്ദേഹം പത്തൊന്‍പതാം വയസില്‍ കവിതകളെഴുതി ശ്രദ്ധേയനായി. 1989ല്‍ പുറത്തിറങ്ങിയ മണ്ണാറശാല നാഗ സ്തുതികള്‍ ആയിരുന്നു പോറ്റിയുടെ ആദ്യ ആല്‍ബം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ…” എന്ന ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. തത്ത്വമസി, 1993ല്‍ മാഗ്ന സൗണ്ട് പുറത്തിറക്കിയ ദേവീഗീതം എന്നീ ആല്‍ബങ്ങളിലൂടെ ഭക്തിഗാന രചയിതാവായി അറിയപ്പെട്ടു. “ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ”, “നിന്‍ ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ”, “പാടുന്നു ഞാനിന്നും കാടാമ്പുഴയിലെത്തി”, “വിശ്വമോഹിനി ജഗദംബികേ ദേവി”, “മൂകാംബികേ ദേവി മൂകാംബികേ” തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങളും പ്രശസ്തമാണ്. 1995 ല്‍ പുറത്തിറങ്ങിയ “കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം” എന്ന ചിത്രത്തില്‍ “ജീവനേ” എന്ന പാട്ടെഴുതി ചലച്ചിത്ര ഗാനരംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Story Highlights: Renowned devotional lyricist A V Vasudeva Potti passes away at 73 due to heart attack in Palakkad.

Leave a Comment