പാലക്കാട് ജനങ്ങൾ വികസനത്തിനായാണ് വോട്ട് ചെയ്യുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പ്രസ്താവിച്ചു. കേരള രാഷ്ട്രീയത്തിൽ മാറ്റം കുറിക്കുന്ന ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നതെന്നും എൻഡിഎയുടെ വിജയത്തിലൂടെ പാലക്കാട്ടുകാർ അത് സാക്ഷ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ പോളിങ് കുറഞ്ഞത് കോൺഗ്രസിനെതിരായ വികാരമാണെന്നും, രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധമാണ് വോട്ടിങ്ങിൽ പ്രതിഫലിച്ചതെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
മൂന്ന് പതിറ്റാണ്ടുകളിലായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തനിക്ക് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വോട്ടിങ് ശതമാനം ഉയരുമെന്നും, ഇ ശ്രീധരന്റെ കഴിഞ്ഞ തവണത്തെ ചെറിയ വോട്ടുകളുടെ പരാജയം മറികടക്കാൻ പാലക്കാട്ടുകാർ മനസുകൊണ്ട് ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും ജനകീയ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും അതനുസരിച്ചായിരിക്കും വോട്ടിങ്ങെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം സ്ഥാനം ബിജെപി ഉറപ്പിച്ചു കഴിഞ്ഞുവെന്നും രണ്ടാം സ്ഥാനത്തിനായാണ് കോൺഗ്രസും സിപിഐഎമ്മും മത്സരിക്കുന്നതെന്നും സി കൃഷ്ണകുമാർ അവകാശപ്പെട്ടു. അഞ്ചക്ക ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎയുടെ വിജയമെന്നും അദ്ദേഹം പ്രവചിച്ചു. തങ്ങൾ ഒരു വിഭാഗത്തെയും വോട്ട് ബാങ്കായി കാണുന്നില്ലെന്നും എല്ലാ വിഭാഗത്തിന്റെയും വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ മേഖലകളിൽ പോലും എൻഡിഎ വലിയ മുന്നേറ്റം നടത്തുമെന്ന് സി കൃഷ്ണകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Story Highlights: NDA candidate C Krishnakumar expresses confidence in Palakkad by-election, predicts historic win for BJP