ശബരിമലയിൽ ആരംഭിക്കാനിരുന്ന ഹരിവരാസനം റേഡിയോയുടെ നടത്തിപ്പ് മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയ്ക്ക് നൽകാൻ വഴിവിട്ട നീക്കം നടന്നെന്ന ആരോപണം ഉയർന്നിരിക്കുകയാണ്. ഇതിനെതിരെ സി.ഐ.ടി.യു ദേവസ്വം ബോർഡിന് കത്ത് നൽകി പ്രതിഷേധം അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ കരാർ നൽകും മുമ്പേ ഹരിവരാസനം റേഡിയോ പ്ലേ സ്റ്റോറിൽ എത്തിയിരുന്നു.
കരാറിൽ വൻ തുകയാണ് ബാലകൃഷ്ണൻ പെരിയയ്ക്ക് നിശ്ചയിച്ചതെന്ന് ആക്ഷേപമുണ്ട്. ആദ്യ ഘട്ടത്തിൽ 20 ലക്ഷവും തുടർന്നുള്ള ഓരോ മാസവും 5 ലക്ഷം വീതവും ബോർഡ് നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇത് ദേവസ്വം ബോർഡിന് വൻ ബാധ്യത ഉണ്ടാക്കുമെന്നും ആരോപണമുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാർ നൽകാൻ നീക്കമുണ്ടായതെന്നാണ് സിഐടിയു ആരോപിക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുൻപാണ് സിഐടിയു എതിർപ്പ് അറിയിച്ച് കത്തയച്ചത്.
ഏഴോളം പേർ ബിഡ്ഡിൽ പങ്കെടുത്തിരുന്നുവെന്നും അതിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് തങ്ങളായിരുന്നുവെന്നും ബാലകൃഷ്ണൻ പെരിയ പറയുന്നു. റേഡിയോ ഉണ്ടാക്കാനുള്ള പണം നൽകിയാൽ ഓരോ മാസവും അഞ്ചു ലക്ഷം തരേണ്ട, അതിന് പകരം സ്പോൺസർഷിപ്പ് വഴി റേഡിയോ നടത്തിക്കൊണ്ടു പോകാമെന്ന ഓഫർ നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വഴിവിട്ട് റേഡിയോ നടത്തിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Controversy erupts over alleged irregular allocation of Harivarasanam Radio management at Sabarimala