സ്ത്രീകളുടെ ശരീരത്തെ കളിയാക്കുന്നത് ഗാർഹിക പീഡനം: ഹൈക്കോടതി

Anjana

body shaming domestic violence

സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് കളിയാക്കി സംസാരിക്കുന്നത് ഗാർഹിക പീഡനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങളും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു. ഭർത്തൃസഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ജസ്റ്റിസ് എ ബദറുദ്ദീൻ തള്ളി.

2019-ൽ വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ യുവതിക്ക് നേരെയാണ് ആക്ഷേപങ്ങൾ ഉണ്ടായത്. യുവതിക്ക് നല്ല ശരീര ഭംഗിയില്ലെന്നും, അനിയന് കൂടുതൽ സുന്ദരിയായ പെൺകുട്ടിയെ ഭാര്യയായി ലഭിക്കുമായിരുന്നു എന്നും ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ പറഞ്ഞു. അതോടൊപ്പം യുവതിയുടെ എംബിബിഎസ് യോഗ്യതയിൽ സംശയം പ്രകടിപ്പിക്കുകയും സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്തു. ഇതോടെ 2022-ൽ യുവതി ഭർതൃവീട്ടിൽ നിന്ന് താമസം മാറുകയും പരാതി നൽകുകയുമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭർത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ഭർതൃവീട്ടിലെ താമസക്കാരെയെല്ലാം ബന്ധുവായി കണക്കാക്കാമെന്നും, അവർക്കെതിരെ ഗാർഹിക നിയമപ്രകാരം കേസെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹർജിക്കാരി മൂന്നാം പ്രതിയാണ്. യുവതിയുടെ പരാതിയിൽ നിലവിൽ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലുള്ള കേസ് തുടരാനും ഹൈക്കോടതി ഉത്തരവിട്ടു.

Story Highlights: Kerala High Court rules body shaming and questioning educational qualifications as domestic violence

Leave a Comment