വാട്സ്ആപ്പിന്റെ 2021 ലെ സ്വകാര്യതാ നയ പരിഷ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ച് കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി. ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്നൊഴിവാകാനും മെറ്റക്ക് നിർദേശം നൽകി. കോംപറ്റീഷന് ആക്ടിന് വിരുദ്ധമാണ് വാട്സ്ആപ്പ് നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.
2021 ൽ വാട്സ്ആപ്പ് സ്വകാര്യതാനയം പുതുക്കിയിരുന്നു. ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ള് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായിരുന്നു ഇത്. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. എന്നാൽ, പുതുക്കിയ സ്വകാര്യതാനയം നടപ്പാക്കുന്നത് എതിർപ്പിനെ തുടർന്ന് വാട്സ്ആപ്പ് താത്ക്കാലികമായി മരവിപ്പിച്ചു.
2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുതെന്ന് കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി. പരസ്യ ഇതരാവശ്യങ്ങൾക്കായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കി വിശദീകരണം നൽകണമെന്നും കമ്മീഷന് നിർദേശിച്ചു.
Story Highlights: Competition Commission of India fines Meta 213 crore rupees for WhatsApp privacy policy changes, orders to stop anti-competitive practices.