സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും കേരള സർക്കാർ കോടികൾ പരസ്യത്തിനായി ചെലവഴിച്ചതായി വെളിപ്പെടുത്തൽ. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പരസ്യ ഹോർഡിങ്ങുകൾക്കായി മാത്രം ആറരക്കോടിയോളം രൂപയാണ് വിവിധ എജൻസികൾക്ക് നൽകിയത്. കെ റെയിൽ പദ്ധതി മുതൽ ക്ഷേമ പരിപാടികൾ വരെയുള്ളവയുടെ പരസ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
2021-22 സാമ്പത്തിക വർഷത്തിൽ 1,16,47,570 രൂപയാണ് പരസ്യത്തിനായി ചെലവഴിച്ചത്. 14 സ്വകാര്യ കമ്പനികൾക്കാണ് അന്ന് കരാർ ലഭിച്ചത്. 2022-23 ൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളോടുകൂടിയ ഹോർഡിങ്ങുകൾക്കായി 1,16,98,385 രൂപ ചെലവഴിച്ചു. ഈ വർഷം സ്വകാര്യ എജൻസികളുടെ എണ്ണം 22 ആയി ഉയർന്നു. 2023-24 സാമ്പത്തിക വർഷത്തിൽ പരസ്യ ചെലവ് 2,56,16,598 രൂപയായി വർധിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ 7 മാസങ്ങൾക്കുള്ളിൽ മാത്രം 1,52,31,670 രൂപ പരസ്യത്തിനും പ്രചരണ പരിപാടികൾക്കുമായി ചെലവഴിച്ചു.
സർക്കാർ അധികാരത്തിൽ മൂന്ന് വർഷവും അഞ്ച് മാസവും പൂർത്തിയാക്കുമ്പോൾ പരസ്യത്തിനായി മാത്രം 6,41,94,223 രൂപയാണ് ചെലവിട്ടതെന്ന് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം വരെ ഏർപ്പെടുത്തേണ്ട സാഹചര്യം നിലനിൽക്കെയാണ് ഇത്രയും വലിയ തുക പരസ്യത്തിനായി സർക്കാർ ചെലവഴിച്ചത് എന്നത് ശ്രദ്ധേയമാണ്.
Story Highlights: Kerala government spends crores on advertisement hoardings amid financial crisis