മുനമ്പം ഭൂമി പ്രശ്നത്തിൽ നിർണായക ഇടപെടലുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ലീഗ് നേതാക്കൾ ലത്തീൻ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ശിഹാബ് അലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മെത്രാൻ സമിതിയുമായി ചർച്ച നടത്തിയത്.
പ്രശ്നപരിഹാരത്തിനായി മുസ്ലീം ലീഗ് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ അറിയിച്ചു. ലീഗിന്റെ ഇടപെടലിനെ മുനമ്പം ഭൂസംരക്ഷണ സമിതിയും സ്വാഗതം ചെയ്തു. ലീഗ് – ലത്തീൻ സഭ ചർച്ചയിൽ സമവായ ധാരണയായിട്ടുണ്ട്. നിർദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചർച്ചയിൽ തീരുമാനമായി.
മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ മുസ്ലിം ലീഗ് മുൻകയ്യെടുക്കുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. മുനമ്പം പ്രദേശവാസികൾ ഒക്ടോബർ 13 മുതൽ റിലേ നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരത്തിന് ബിജെപി ഉൾപ്പടെ പിന്തുണ നൽകിയിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്.
Story Highlights: Muslim League leaders meet Latin bishops to resolve Munambam land issue