കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ പോലും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ഈ നില എങ്ങനെ ഉണ്ടായി എന്നും എന്തുകൊണ്ട് ഈ ആളുകൾ മറ്റ് മത നേതാക്കളെ കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാണക്കാട് തങ്ങൾ മാത്രമാണോ കേരളത്തിലെ ആത്മീയ ആചാര്യൻ എന്നും മറ്റു മത നേതാക്കളെ പരിഗണിക്കേണ്ടേ എന്നാണോ നിലപാട് എന്നും സുരേന്ദ്രൻ ചോദ്യമുന്നയിച്ചു.
വിഡി സതീശനും സംഘവും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്നും പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതിയോ തെരഞ്ഞെടുപ്പ് ജയിക്കാൻ എന്നും സുരേന്ദ്രൻ ചോദിച്ചു. മത തീവ്രവാദ ശക്തികൾക്കും ലീഗിനും കോൺഗ്രസ് എത്രമാത്രം അടിമപ്പെട്ടു എന്നതിന്റെ തെളിവല്ലേ ഇതെന്നും അദ്ദേഹം ആരോപിച്ചു. പി ജെ ജോസഫ് ഘടക കക്ഷി നേതാവല്ലേ എന്നും അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം തേടാൻ എന്തുകൊണ്ട് കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ തയാറാവുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.
പാലക്കാട് എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ വിഡി സതീശന് ധൈര്യമുണ്ടോയെന്നും എസ്ഡിപിഐയുടെ നോട്ടീസുമായി വീട് കയറാൻ സതീശന് നാണമില്ലേയെന്നും സുരേന്ദ്രൻ പരിഹസിച്ചു. മുനമ്പം വഖഫ് ഭൂമി ആണെന്ന് പ്രഖ്യാപിക്കാൻ മുസ്ലീം സംഘടനകൾ സർക്കാരിനെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സന്ദീപ് വാര്യർക്കെതിരെയും സുരേന്ദ്രൻ പ്രതികരിച്ചു. പാർട്ടിയെ തള്ളിപ്പറഞ്ഞാൽ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇല്ലാതാവുമോ എന്നും മറ്റ് ബിജെപിക്കാർ ആരും വംശഹത്യയെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: BJP state president K Surendran criticizes Congress leaders for seeking blessings from Panakkad Thangal