കുവൈറ്റിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സർവേ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കുറഞ്ഞത് ആറ് മാസമായി രാജ്യത്ത് കഴിയുന്ന എല്ലാ സ്വദേശികളെയും പ്രവാസികളെയും സർവേയിൽ ഉൾപ്പെടുത്തും. രാജ്യത്തുടനീളമുള്ള 8,000 വീടുകളിൽ നിന്ന് 12,000 ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഭാവിയിലെ ആരോഗ്യ നയങ്ങൾ രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായി രോഗ രീതികൾ മനസിലാക്കി ഡാറ്റാബേസ് തയാറാക്കാനുള്ള പദ്ധതിയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുല്ല അൽ സനദ് പറഞ്ഞു. രാജ്യത്തെ എല്ലാ താമസക്കാർക്കും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷൻ 2035ന്റെ ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവേയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഒരു ആരോഗ്യ സംഘം വീടുകൾ സന്ദർശിക്കും. ഒരു ഡോക്ടർ, നഴ്സ്, ഫീൽഡ് റിസർച്ചർ എന്നിവരടങ്ങുന്ന സംഘം സർവേ നടത്തുകയും കുടുംബനാഥന്റെ സമ്മതത്തോടെ ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുമെന്ന് അധികൃതർ വിശദീകരിച്ചു. ഈ സർവേയിലൂടെ എല്ലാ പ്രായത്തിലുമുള്ള ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും അവർ അറിയിച്ചു.
ALSO READ; മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി
Story Highlights: Kuwait launches national health survey to collect data on residents’ health status for future health policies