ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം പൊലീസിന്റെ QR കോഡ് വീഡിയോ

Anjana

Sabarimala pilgrimage safety

മണ്ഡല മകരവിളക്ക് കാലത്തെ അപകട നിരക്ക് കുറയ്ക്കുന്നതിനായി കോട്ടയം ജില്ലാ പൊലീസ് നൂതന സംരംഭം ആരംഭിച്ചു. തീര്‍ത്ഥാടക വാഹനങ്ങള്‍ക്കായി ഒരുക്കിയ മുന്നറിയിപ്പ് വീഡിയോയും അതിന്റെ QR കോഡും പ്രകാശനം ചെയ്തു. കോട്ടയം പൊലീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രകാശനം നിര്‍വഹിച്ചു. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നെല്ലാപ്പാറ, മുണ്ടക്കയം തുടങ്ങിയ ജില്ലാ അതിര്‍ത്തിയില്‍ എത്തുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കായി പ്രധാന അപകട മേഖലകളുടെ ഗൂഗിള്‍ മാപ്പും, മുന്‍കാല അപകടങ്ങളുടെ ഫോട്ടോകളും, സ്ഥലവിവരണവും ഉള്‍പ്പെടുത്തിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ശബരിമല പാതയിലെ പൊലീസ് ചെക്കിങ് പോയിന്റുകളില്‍ വിതരണം ചെയ്യുന്ന നോട്ടീസിന്റെ മറുവശത്ത് ഈ വീഡിയോയുടെ ലിങ്കിന്റെ QR കോഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ QR കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ജില്ലാ അതിര്‍ത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകട സാധ്യത മേഖലകള്‍ വീഡിയോ രൂപത്തില്‍ കാണാന്‍ സാധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശബരിമല പാതയിലെ അപകടനിരക്ക് കുറയ്ക്കുന്നതിനായി നിര്‍മ്മിച്ച ഈ ബോധവല്‍ക്കരണ വീഡിയോയുടെ പിന്നില്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസിന്റെ ആശയമാണ്. ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐ.പി.എസ്, അഡീഷണല്‍ എസ്.പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസ്, ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥന്‍, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, എം എസ് തിരുമേനി (സെക്രട്ടറി KPOA), ബിനു കെ. ഭാസ്‌കര്‍ (പ്രസിഡന്റ് KPA), അജിത്ത് റ്റി.ചിറയില്‍ ( പൊലീസ് സഹകരണ സംഘം പ്രസിഡണ്ട് ) മറ്റു പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Story Highlights: Kottayam police launch QR code video for safe Sabarimala pilgrimage

Leave a Comment