ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ നിരവധി സംവിധാനങ്ങൾ ഒരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശബരിമല പാതയിൽ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും കനിവ് 108ന്റെയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്.
പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി 19 എമർജൻസി മെഡിക്കൽ സെന്ററുകളും ഓക്സിജൻ പാർലറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയും ശബരിമലയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് വൈദ്യസഹായം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലോ 04735 203232 എന്ന നമ്പറിലോ വിളിച്ച് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
ബൈക്ക് ഫീഡർ ആംബുലൻസിൽ ഒരു രോഗിയെ കിടത്തിക്കൊണ്ടുപോകാൻ കഴിയുന്ന സൈഡ് കാറും ഉണ്ട്. 4×4 റെസ്ക്യു വാനിൽ അടിയന്തര വൈദ്യസഹായത്തിനുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. ഐസിയു ആംബുലൻസിൽ ഡീഫ്രിബിലേറ്റർ, വെന്റിലേറ്റർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുണ്ട്. എല്ലാ വാഹനങ്ങളിലും പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരുടെ സേവനം ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
Story Highlights: Rapid Action Medical Units deployed on Sabarimala route for emergency medical assistance to pilgrims