സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ വിശദമായ മാര്ഗനിര്ദേശങ്ങൾ വനം വകുപ്പ് സൂക്ഷ്മമായി പരിശോധിക്കാൻ തീരുമാനിച്ചു. ദേവസ്വങ്ങളുടെ ആശങ്കകൾ പരിഗണിക്കുമെന്നും ആവശ്യമെങ്കിൽ സർക്കാരിനോട് പുനഃപരിശോധനാ ഹർജി നൽകാൻ ആവശ്യപ്പെടുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
ഹൈക്കോടതിയുടെ മാര്ഗനിർദേശങ്ങൾക്കെതിരെ തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. നിലവിലെ നിർദേശപ്രകാരം തൃശൂർ പൂരത്തിലെ മഠത്തിൽ വരവടക്കം നടത്താൻ കഴിയില്ലെന്നും തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമുണ്ടെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ വിമർശിച്ചു. ആനകൾക്കടുത്തുനിന്ന് എട്ടു മീറ്റർ ദൂരം പാലിക്കണമെന്ന നിർദേശം പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. പരിപാടിയുടെ സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നതാണ് പ്രധാന നിർദേശം. ജില്ലാതല സമിതി സർട്ടിഫിക്കറ്റുകൾ പരിശോധിച്ചശേഷമേ ആന എഴുന്നള്ളിപ്പിന് അനുമതി നൽകാവൂ. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്നതും നല്ല ഭക്ഷണം, വിശ്രമം, ആവശ്യമായ സ്ഥലം എന്നിവ ഉറപ്പാക്കണമെന്നതും ഉൾപ്പെടെയുള്ള നിരവധി നിർദേശങ്ങൾ ഉത്തരവിൽ ഉണ്ട്.
സർക്കാർ ഡോക്ടർമാർ ആയിരിക്കണം ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലകൾ തോറും കമ്മിറ്റികൾ രൂപീകരിക്കണം. എഴുന്നള്ളിപ്പിൽ ആനകൾ തമ്മിലുള്ള അകലം മൂന്നു മീറ്റർ ആയിരിക്കണം. എലിഫന്റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നതിനും ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
Story Highlights: Kerala High Court issues detailed guidelines for elephant processions; Forest Department to examine