യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം ഉറപ്പിച്ചതിനു പിന്നാലെ സാമൂഹിക മാധ്യമമായ ‘എക്സി’ൽ നിന്ന് ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചു. യുഎസിൽ നിന്നുള്ള 1.15 ലക്ഷത്തിലേറെ ഉപയോക്താക്കൾ എക്സ് ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്ഫോമായ സിമിലർ വെബ്ബിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടു ചെയ്തതനുസരിച്ച്, ഇത് വെബ്സൈറ്റിൽ കയറി അക്കൗണ്ട് ഉപേക്ഷിച്ചവരുടെ കണക്കാണ്, മൊബൈൽ ഉപയോക്താക്കളുടെ കണക്കെടുത്തിട്ടില്ല.
ലോകത്തെ ഏറ്റവും വലിയ സമ്പന്നനും, ട്രംപിൻ്റെ മുഖ്യപ്രചാരകരിൽ ഒരാളുമായ ഇലോൺ മസ്കാണ് എക്സിന്റെ ഉടമ. മസ്ക് ട്രംപിൻ്റെ പ്രചാരണത്തിൽ സജീവമായതോടെയാണ് ആളുകൾ എക്സ് വിടുന്ന പ്രവണത കൂടിയത്. ‘ബ്ലൂസ്സൈ’ പോലുള്ള സമാനമാധ്യമങ്ങളിലേക്കാണ് ഉപയോക്താക്കൾ ചേക്കേറുന്നത്. 90 ദിവസത്തിനിടെ ബ്ലൂസ്സൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായി വർധിച്ചു, ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബ്ലൂസ്റ്റൈക്കു ലഭിച്ചത്.
‘എക്സ്’ ഒരു ടോക്സിക് പ്ലാറ്റ് ഫോമാണെന്നും ഗുണത്തേക്കാളേറെ ദോഷങ്ങളേ ഈ പ്ലാറ്റ് ഫോമിലുള്ളൂവെന്നും ആരോപിച്ച് പ്രമുഖ ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ‘ദി ഗാർഡിയൻ’ എക്സ് വിട്ടു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൻ്റെ ഉടമയായ ഇലോൺ മസ്ക് നടത്തിയ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ഗാർഡിയൻ പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. തീവ്രവലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയുമുൾപ്പെടെ ‘എക്സ്’ അവരുടെ പ്ലാറ്റ്ഫോമിൽ പ്രമോട്ട് ചെയ്യുന്നതായി കണ്ടെത്തിയതായും ഗാർഡിയൻ വ്യക്തമാക്കി.
Story Highlights: Over 115,000 US users leave X platform following Trump’s victory, with many migrating to alternatives like BlueSky