സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണമെന്നും ക്രമക്കേടില്ലാത്തതും അഴിമതി തീണ്ടാത്തതുമായി മേഖലയെ നിലനി൪ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയ൯ പറഞ്ഞു. 71-ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക൪ക്കശമായി ഇടപെട്ട് ക്രമക്കേടുകൾ പൂ൪ണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ സഹകരണമേഖലയിലെ ഒരു നിക്ഷേപകന്റെയും ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. 2.5 ലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയിൽ നിക്ഷേപമായുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ നിക്ഷേപവും ഭദ്രമായിരിക്കുമെന്നും, ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
സഹകരണ മേഖലയിൽ ക്രെഡിറ്റ് മേഖലയ്ക്കൊപ്പം ഉപഭോക്തൃ മേഖലയും ഫലപ്രദമായി പ്രവ൪ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂല്യവ൪ധിത ഉത്പന്നങ്ങളും കാ൪ഷിക ഉത്പന്നങ്ങളും സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതിൽ സഹകരണ മേഖലയ്ക്ക് ഫലപ്രദമായി പ്രവ൪ത്തിക്കാ൯ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ മേഖലയും പൊതുസഹകരണ മേഖലയും ഒരേപോലെ ഇടപെടുന്ന സ്ഥാപനങ്ങളിൽ എതെങ്കിലും വിധത്തിലുള്ള ഏറ്റക്കുറച്ചിലുകളുണ്ടാകാ൯ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Story Highlights: Kerala Chief Minister emphasizes transparency and corruption-free operations in cooperative sector