വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂർത്തിയായി. ചേലക്കരയിൽ 71.65 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. എന്നാൽ വയനാട്ടിൽ പോളിംഗ് ശതമാനം 63.59 ആയിരുന്നു. പോളിംഗ് ശതമാനത്തിലുണ്ടായ ഈ വൻ ഇടിവ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നുണ്ട്. ചേലക്കരയിൽ രാവിലെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി.
എൽഡിഎഫ് സ്ഥാനാർഥി യുആർപ്രദീപ് ദേശമംഗലം വിദ്യാസാഗർ ഗുരുകുലം സ്കൂളിൽ ഭാര്യക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. കെ രാധാകൃഷ്ണൻ തോന്നൂർക്കര എയുപി സ്കൂളിലും, ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണൻ പാമ്പാടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലും വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് മണ്ഡലത്തിൽ വോട്ടില്ല. ചേലക്കര മണ്ഡലത്തിലെ പുലാക്കോട് എഎൽപി സ്കൂളിലെ ബൂത്ത് 88ൽ ആറ് മണി കഴിഞ്ഞും വൻ തിരക്കായിരുന്നു.
വയനാട്ടിൽ പ്രചാരണ രംഗത്തെ ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. പോളിംഗ് ശതമാനത്തിലുണ്ടായ വൻ ഇടിവ് യുഡിഎഫിന്റെ റെക്കോർഡ് ഭൂരിപക്ഷ അവകാശവാദത്തിന് പ്രതീക്ഷ പകരുന്നതല്ല. പോൾ ചെയ്യപ്പെടാത്തത് എൽഡിഎഫ് വോട്ടുകളെന്ന് യുഡിഎഫും, വോട്ട് നഷ്ടം യുഡിഎഫിനെന്ന് ഇടതുമുന്നണിയും അവകാശപ്പെടുന്നു. ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള വിമുഖത പ്രകടമായതായി വിലയിരുത്തപ്പെടുന്നു. ഭൂരിപക്ഷം ജനം നിശ്ചയിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
Story Highlights: Wayanad and Chelakkara by-election polling completed with low turnout