സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. 2016 മുതൽ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഇവരുടെ പേര്, ജോലി ചെയ്തിരുന്ന സ്ഥാപനം, അവധി തുടങ്ങിയ തീയതി എന്നീ വിവരങ്ങൾ പട്ടികയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു മുതൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നും അറിയിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രി വീണ ജോർജ് ഈ വിഷയത്തിൽ പ്രതികരിച്ചു. കൂടുതൽ ആളുകൾ പുറത്താക്കപ്പെടുന്ന ഘട്ടം ആയിരിക്കാം ഇതെന്നും, ജോലിയിൽ പുനർ പ്രവേശിക്കാൻ താല്പര്യമുള്ളവർക്ക് തിരികെ വരാമെന്നും, എന്നാൽ ഇനി ഒരു അവസരം മാത്രമേ ഉണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ അപ്ലിക്കേഷൻ വഴി മാത്രമേ ഇനി അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്നും അതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം എസ് ടി ആശുപത്രിയിലും നഴ്സിംഗ് ജീവനക്കാരുടെ കടുത്ത ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. നഴ്സിംഗ് ഓഫീസർ, നേഴ്സിങ് ഓഫീസർ ഗ്രേഡ് വൺ തസ്തികകളിലാണ് പ്രധാനമായും അനധികൃത അവധി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അനധികൃത അവധിയിലുള്ളവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനാണ് വകുപ്പ് ഒരുങ്ങുന്നത്.
Story Highlights: Kerala government to take strict action against unauthorized leave in medical colleges