2024-ൽ റിലീസ് ആയ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് തമിഴ് നടൻ സൂര്യ വെളിപ്പെടുത്തി. മനസിനെ സ്പർശിച്ച ചിത്രം ഏതാണെന്ന് ചോദിച്ചാൽ അത് ‘മെയ്യഴകൻ’ ആയിരിക്കുമെന്നാണ് സൂര്യ പറഞ്ഞത്. ഒരുപാട് നല്ല സിനിമകൾ ഇറങ്ങിയ വർഷമാണിതെന്നും, ഒരു സിനിമ മാത്രം അതിൽ നിന്ന് എടുത്തുപറയാൻ പറ്റില്ലെന്നും എന്നാൽ ‘മെയ്യഴകൻ’ തന്റെ മനസിനെ സ്പർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മെയ്യഴകൻ’ എന്ന ചിത്രത്തിന്റെ നിർമാണത്തിൽ താൻ പങ്കാളിയാണെന്നും തന്റെ അനിയൻ ആ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും സൂര്യ വ്യക്തമാക്കി. എന്നാൽ ഇതുകൊണ്ടൊന്നുമല്ല താൻ ‘മെയ്യഴകന്റെ’ പേര് എടുത്തുപറഞ്ഞതെന്നും അതിന്റെ തീം ആണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ കാലത്ത് ഇത്തരത്തിൽ ഒരു സിനിമ പ്രേക്ഷകരിലേക്കെത്തണമെന്ന ചിന്തയിൽ നിന്നാണ് താൻ ‘മെയ്യഴകൻ’ നിർമിക്കാൻ തീരുമാനിച്ചതെന്നും സൂര്യ വെളിപ്പെടുത്തി.
സമകാലിക സാഹിത്യമായി കണക്കാക്കാൻ കഴിയുന്ന സിനിമയായതു കൊണ്ടാണ് തനിക്ക് ‘മെയ്യഴകൻ’ ഇഷ്ടപ്പെട്ടതെന്ന് സൂര്യ പറഞ്ഞു. രണ്ട് മണിക്കൂർ സിനിമ ആരെയും ഒറ്റയടിക്ക് നല്ലവനാക്കില്ലെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും എന്നാൽ ‘മെയ്യഴകൻ’ എന്ന ചിത്രം തന്റെ ചിന്തകളെ മാറ്റാൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ കഥ കേട്ടപ്പോൾ വല്ലാതെ സ്പർശിച്ചെന്നും അത്രയും നല്ലൊരു ചിത്രം സമ്മാനിച്ചതിന് താൻ ഏറ്റവുമധികം നന്ദി പറയുന്നത് സംവിധായകൻ പ്രേം കുമാറിനോടാണെന്നും സൂര്യ വ്യക്തമാക്കി.
Story Highlights: Tamil actor Suriya reveals ‘Meyazhagan’ as his favorite 2024 film, praising its theme and impact