ദിവസവും രാവിലെ പല്ല് തേക്കുന്നതിനൊപ്പം മൗത്ത് വാഷുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ബെൽജിയത്തിലെ ജേണൽ ഓഫ് മൈക്രോബയോളജിയിലെ ലേഖനം പ്രകാരം, മൂന്ന് മാസം തുടർച്ചയായി മൗത്ത് വാഷ് ഉപയോഗിച്ചവരുടെ വായിൽ ഫസോബാക്ടീരിയം ന്യൂക്ലിയാറ്റം, സ്ട്രെപ്റ്റോകോക്കസ് ആൻജിനോസസ് എന്നീ ബാക്ടീരിയകൾ വലിയ തോതിൽ വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
മൗത്ത് വാഷുകളിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ സ്ഥിരമായി ഉപയോഗിക്കുന്നത് വായ്ക്ക് കേടുവരുത്തും. നല്ല ബാക്ടീരിയകളെയും നശിപ്പിക്കുകയും, അതോടെ ചീത്ത ബാക്ടീരിയകളും രാസവസ്തുക്കളും വായ്ക്കുള്ളിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യും. അപ്പോളോ കാൻസർ സെന്ററിലെ ഓങ്കോളജി വിഭാഗം ഡയറക്ടർ ഡോ. അനിൽ ഡിക്രൂസ് പറയുന്നതനുസരിച്ച്, വായയിൽ എത്തുന്ന മൗത്ത് വാഷിലെ ആൽക്കഹോളിനെ (എഥനോൾ) ശരീരം അസറ്റാൽഡിഹൈഡാക്കി മാറ്റുകയും, ഈ വസ്തു കാൻസറുണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൗത്ത് വാഷിന്റെ അമിത ഉപയോഗം വായയെ വരണ്ടതാക്കുകയും, ഉപദ്രവകാരികളായ ബാക്ടീരിയകളെ ഒഴുക്കിക്കളയുന്ന ഉമിനീരിന്റെ ഉത്പാദനം കുറയ്ക്കുകയും, മൃദുവായ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. അതിനാൽ മൗത്ത് വാഷിന്റെ ഉപയോഗം കുറയ്ക്കണം. ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുകയോ, അല്ലെങ്കിൽ ആൽക്കഹോൾ ഇല്ലാത്ത മൗത്ത് വാഷ് ഉപയോഗിക്കുകയോ ചെയ്യാം. എന്തു കഴിച്ചാലും അതിനു ശേഷം വായ് നന്നായി കഴുകുക, നല്ല പേസ്റ്റ് സ്ഥിരമായി ഉപയോഗിക്കുക എന്നിവയാണ് മൗത്ത് വാഷിനു പകരം ചെയ്യാവുന്ന കാര്യങ്ങൾ. ആഹാരങ്ങൾക്കു ശേഷം പല്ലു തേച്ചാൽ മൗത്ത് വാഷ് ഉപയോഗിക്കേണ്ടതുമില്ല.
Story Highlights: Excessive use of mouthwash containing alcohol may increase cancer risk and harm oral health