സുനിത വില്യംസിൻ്റെ ആരോഗ്യനില സംബന്ധിച്ച് ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി നാസ രംഗത്തെത്തി. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിപ്പോയ സുനിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് നാസയുടെ വിശദീകരണം. സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സുനിത വില്യംസും സഹബഹിരാകാശ സഞ്ചാരി ബാരി വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയത്. ജൂണ്‍ ഏഴിന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയ ഇരുവരും ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ അടുത്ത വർഷം ഫെബ്രുവരിയിൽ മാത്രമേ ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാൻ കഴിയൂ.
നാസ ബഹിരാകാശയാത്രികൻ പുറത്തുവിട്ട ചിത്രത്തിൽ സുനിതയുടെ കവിളുകൾ ഒട്ടി ശരീരം മെലിഞ്ഞിരിക്കുന്നതായി കണ്ടതോടെയാണ് ആരോഗ്യവിദഗ്ധർ ആശങ്കപ്രകടിപ്പിച്ചത്. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ പതിവ് മെഡിക്കൽ പരിശോധനയ്ക്ക് സുനിത വിധേയയാകാറുണ്ടെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നുമാണ് നാസ പറയുന്നത്. ബഹിരാകാശ യാത്രികരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്.
ഊര്‍ജനഷ്ടം ഒഴിവാക്കുന്നതിനായി ബഹിരാകാശ യാത്രികര്‍ പൊതുവേ വളരെ പരിമിതമായ അളവില്‍ മാത്രമാണ് ആഹാരം കഴിക്കുന്നത്. ഭക്ഷണം കുറയ്ക്കുന്നതിന് പുറമെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും എല്ലുകളുടെ സംരക്ഷണത്തിനുമായി ദിവസം രണ്ടര മണിക്കൂറില്‍ കുറയാതെ ഇവര്‍ വ്യായാമവും ചെയ്യും. ഇതെല്ലാം കാരണം ശരീരം ക്ഷീണിക്കുക സ്വാഭാവികമാണെന്നും അതുകൊണ്ട് തന്നെ ആരോഗ്യം മോശമാണെന്ന് പറയാന്‍ കഴിയില്ലെന്നും നാസ വ്യക്തമാക്കി.
Story Highlights: NASA clarifies Sunita Williams’ health is satisfactory despite concerns raised by medical experts over her appearance in a recent photo from the International Space Station.