അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ അഞ്ച് മാസമായി കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെ ആരോഗ്യത്തിൽ ആശങ്ക ഉയരുന്നു. പുതിയതായി പുറത്തുവന്ന ചിത്രങ്ങളിൽ സുനിത വളരെ ക്ഷീണിതയായി കാണപ്പെടുന്നതാണ് ഈ ആശങ്കയ്ക്ക് കാരണമായത്. ഡോക്ടർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബാരി വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. എന്നാൽ തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാര്ലൈനര് പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്ച്ചയും കാരണം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ഇനിയും മാസങ്ങൾ ബഹിരാകാശ നിലയത്തിൽ ചിലവഴിച്ച ശേഷമേ സുനിതക്ക് ഭൂമിയിലേക്ക് തിരികെ വരാനാകൂ.
മർദമുള്ള കാബിനുള്ളിൽ മാസങ്ങളായി തുടർച്ചയായി കഴിയേണ്ടിവരുന്നയാൾക്ക് സംഭവിക്കാവുന്ന മാറ്റങ്ങൾ സുനിതയിൽ കാണാനാകുമെന്ന് സിയാറ്റിലിലെ ഡോക്ടറായ വിനയ് ഗുപ്ത പറയുന്നു. ഉടൻ ഒരു അപകട സാധ്യത കാണുന്നില്ലെങ്കിലും നിലവിലെ സാഹചര്യം ദീർഘമായി തുടരുന്നത് ആശങ്കക്കിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: NASA astronaut Sunita Williams’ health raises concerns after 5 months in space station